ദൈവദശകം സ്തോത്രം മലയാളം വരികൾ Daiva Dasakam Stotram Malayalam Lyrics

ദൈവദശകം, ശ്രീനാരായണഗുരുദേവൻ രചിച്ച ഒരു മഹത്തായ സ്തോത്രമാണ്.

ഭഗവാനെ തവക്കാർമികതയോടെ ധ്യാനിച്ച് അനുഗ്രഹം പ്രാപിക്കാനുള്ള പ്രാർത്ഥനയുടെ തികച്ചും അനുയോജ്യമായ മാതൃകയാണിത്.

ദൈവദശകം സ്തോത്രം മലയാളം

ദൈവദശകം സ്തോത്രം മലയാളം Daiva Dasakam Stotra

ദൈവമേ! കാത്തുകൊൾകങ്ങു
കൈവിടാതിങ്ങു ഞങ്ങളെ;
നാവികൻ നീ, ഭവാബ്ധിക്കൊ‌-
രാവിവൻതോണി നിൻപദം. 1

ഒന്നൊന്നായെണ്ണിയെണ്ണിത്തൊ-
ട്ടെണ്ണും പൊരുളൊടുങ്ങിയാൽ
നിന്നിടും ദൃക്കുപോലുള്ളം
നിന്നിലസ്‌പന്ദമാകണം. 2

അന്നവസ്ത്രാദി മുട്ടാതെ
തന്നു രക്ഷിച്ചു ഞങ്ങളെ
ധന്യരാക്കുന്ന നീയൊന്നു-
തന്നെ ഞങ്ങൾക്കു തമ്പുരാൻ. 3

ആഴിയും തിരയും കാറ്റു-
മാഴവുംപോലെ ഞങ്ങളും
മായയും നിൻ മഹിമയും
നീയുമെന്നുള്ളിലാകണം. 4

നീയല്ലോ സൃഷ്ടിയും സ്രഷ്ടാ-
വായതും സൃഷ്ടിജാലവും
നീയല്ലോ ദൈവമേ, സൃഷ്ടി-
ക്കുള്ള സാമഗ്രിയായതും. 5

നീയല്ലോ മായയും മായാ-
വിയും മായാവിനോദനും
നീയല്ലോ മായയെ നീക്കി -
സ്സായുജ്യം നൽകുമാര്യനും. 6

നീ സത്യം ജ്ഞാനമാനന്ദം
നീതന്നെ വർത്തമാനവും
ഭൂതവും ഭാവിയും വേറ-
ല്ലോതും മൊഴിയുമോർക്കിൽ നീ. 7

അകവും പുറവും തിങ്ങും
മഹിമാവാർന്ന നിൻ പദം
പുകഴ്ത്തുന്നൂ ഞങ്ങളങ്ങു
ഭഗവാനേ, ജയിക്കുക. 8

ജയിക്കുക മഹാദേവ,
ദീനാവനപരായണാ,
ജയിക്കുക ചിദാനന്ദ,
ദയാസിന്ധോ ജയിക്കുക. 9

ആഴമേറും നിൻ മഹസ്സാ-
മാഴിയിൽ ഞങ്ങളാകവേ
ആഴണം വാഴണം നിത്യം
വാഴണം വാഴണം സുഖം. 10





Footer Advt for Web Promotion
TOP