പവനപുരേശ കീർത്തനങ്ങൾ Pavanapuresa Keerthanam

ഗുരുവായൂരപ്പന്റെ മഹിമയെ പാടിക്കൊണ്ട് പൂന്താനം രചിച്ച പ്രസിദ്ധമായ കീർത്തനങ്ങളാണ് പവനപുരേശ കീർത്തനങ്ങൾ.

ഗുരുവായൂർ ക്ഷേത്രത്തിലെ ഭഗവാനെ ആപാദചൂഢം ഭജിക്കാൻ ഉപയോഗിക്കുന്ന ഈ കീർത്തനങ്ങൾ മൂന്ന് വേർതിരിച്ച ഭാഗങ്ങളായി ലഭ്യമാണ്.

പവനപുരേശ കീർത്തനങ്ങൾ Pavanapuresa Keerthanam

പവനപുരേശ കീർത്തനങ്ങൾ Pavanapuresa Keerthanam

പവനപുരേശ കീർത്തനം/ഒന്ന്

ഗോകുലം തന്നിൽ വിളങ്ങും മുകുന്ദന്റെ
പൂമേനി എപ്പോഴും കാണുമാറാകേണം
പീലിത്തിരുമുടി കെട്ടിയതിൽച്ചില
മാലകൾ ചാർത്തീട്ടു കാണുമാറാകേണം

ഗോരോചനക്കുറി നല്ല തിലകവു -
മോമൽ മുഖമതും കാണുമാറാകേണം
പുഞ്ചിരി തഞ്ചിന വാക്കുകളങ്ങനെ
വഞ്ചനമാം നോക്കും കാണുമാറാകേണം

ഓടക്കുഴൽ വിളിച്ഛനുമമ്മയ്ക്കു -
മിഛ നൽകുന്നതും കാണുമാറാകേണം
പൊന്നിൽ മിന്നും ഗളം തന്നിൽ പുലിനഖം
കുണ്ഡലം ചാർത്തീട്ടു കാണുമാറാകേണം

മുത്തുകൾ രത്നവും ഹാരവും കൗസ്തുഭം
ശ്രീവത്സവും മാറിൽ കാണുമാറാകേണം
തൃക്കൈകളിൽ വള കൈവിരൽ പത്തിലും
മോതിരം പൂണ്ടതും കാണുമാറാകേണം

പാണീപത്മങ്ങളിൽ ചാരുത ചേരുന്ന
ശംഖചക്രാദിയും കാണുമാറാകേണം
ആലിലയ്‌ക്കൊത്തോരുദരമതിൻമീതേ
രോമാവലിയതും കാണുമാറാകേണം

പീതാംബരപ്പട്ടുചാർത്തി അരയതിൽ
ചേലണിഞ്ഞെപ്പൊഴും കാണുമാറാകേണം
പൊന്നരഞ്ഞാണവും കിങ്ങിണിയും നല്ല
കാൽച്ചിലമ്പിട്ടതും കാണുമാറാകേണം

കേശവൻ തന്നുടെ കേശാദിപാദവും
കേശവ! നിന്മേനി കാണുമാറാകേണം
പാരിൽ പ്രസിദ്ധമായീടും ഗുരുവായൂർ
വാണരുളും കൃഷ്ണ! കാണുമാറാകേണം

പവനപുരേശ കീർത്തനം/രണ്ട്
കാണാകേണം നിന്തിരുവടിയുടെ
പൂമെയ് പവനപുരേശ - ഹരേ!

കനകകിരീടം കുണ്ഡലവും ജഗ -
ദവനം ചെയ്യും ചില്ലീലതയും

കമലദളായത നയനദ്വയവും
തിരുമുഖവും മൃദു മന്ദസ്‌മിതവും

കണ്ഠേ വിലസിന കൗസ്‌തുഭമണിയും
കൊണ്ടാടീടിന വനമാലകളും

ചക്രഗദാംബുജ ശംഖാദികളെ
കൈകൊണ്ടീടിന തൃക്കൈ നാലും

പങ്കജമകളുടെ കൊങ്കയിലിഴുകിന,
കുങ്കുമപങ്കം കൊണ്ടങ്കിതമാം

വക്ഷോദേശേ ശോഭിതമാം ശ്രീ -
വത്സവുമത്ഭുത രോമാവലിയും

അണ്ഡകടാഹമസംഖ്യമിരിക്കും
ധന്യമതായോരുദർവുമേറ്റം,

നാഭിച്ചുഴിയിലലംകൃതമായി
ശ്ശോഭിച്ചീടും ബ്രഹ്മാവിനേയും,

മഞ്ജൂളതരമാം പീതാംബരവും
മംഗലമൂർത്തേ തൃത്തുട രണ്ടും

കേതകിയെത്താനോടിച്ചീടും
അത്ഭുത ജാനു മുഴംകാൽദ്വയവും

ഭക്തന്മാരുടെ ദുഃഖമശേഷം
പോക്കീടും തിരുമലരടിയിണയും

മുഷ്‌കോടരികിലണഞ്ഞു കൃതാന്തൻ
വക്കാണം തുടരുമ്പോളിങ്ങനെ

കാണാകേണം നിന്തിരുവടിയുടെ
പൂമെയ് പവനപുരേശ! ഹരേ!

പവനപുരേശ കീർത്തനം/മൂന്ന്

ഗുരുവായൂരപ്പനൊരു ദിവസം
ഉണ്ണിയായ്ച്ചെന്നുടൻ വേണാട്ടേയ്‌ക്ക്

എന്തായേ ഉണ്ണീ! നീ പോന്നതിപ്പോൾ
പഞ്ചാരപ്പായസമുണ്ണണ്ടീട്ടോ!

എന്നാൽ ചമതയ്ക്കൊരുക്കിത്തരാം
ചമതയ്‌ക്കൊരുക്കീട്ടു നോക്കുന്നേരം

എങ്ങുമേ കണ്ടീല കൃഷ്‌ണനുണ്യേ
കണ്ടോരു കൃഷ്‌ണന്റെ താന്തോന്നിത്ത്വം

അപ്പോഴേ കയ്യൊന്നു കോച്ചിപ്പോയി
അപ്പോഴേ നേർന്നു ഗുരുവായൂർക്ക്

പൊന്നും കിരീടവും കിങ്ങിണിയും
പൊന്നു കൊണ്ടുള്ളോരു പൂണുനൂലും

ഗുരുവായൂരപ്പന്റെ തൃപ്പടിമേൽ
കാഴ്ചയായ് വെച്ചിതാ കൈതൊഴുന്നേൻ

എന്റെ ഗുരുവായൂരപ്പാ പോറ്റീ
എന്റെ ദുരിതമകറ്റീടേണം.





Footer Advt for Web Promotion
TOP