It expresses heartfelt devotion, seeking liberation and eternal service to the Lord's lotus feet.

മുകുന്ദസ്തുതി Mukunda Sthuthi
ജയ കൃഷ്ണാഹരേ ജയ
കൃഷ്ണാഹരേ ജയ കൃഷ്ണാഹരേ ഹരേ
കരിമുകില്‍ വര്‍ണ്ണന്റെ തിരുവുടലെന്നുടെ
അരികില്‍വന്നെപ്പോഴും കാണാകേണം (കൃഷ്ണാ)
കാലില്‍ചിലമ്പും കിലുക്കി നടക്കുന്ന
ബാലഗോപാലനെ കാണാകേണം (കൃഷ്ണാ)
കിങ്ങിണിയുംവള മോതിരവും ചാര്‍ത്തി
ഭംഗിയോടെന്‍മുന്നില്‍ കാണാകേണം (കൃഷ്ണാ)
കീര്‍ത്തിയേറീടും ഗുരുവായൂര്‍മേവുന്ന
ആര്‍ത്തിഹരന്‍ തന്നെ കാണാകേണം (കൃഷ്ണാ)
കുഞ്ഞിക്കൈരണ്ടിലും വെണ്ണകൊടുത്തമ്മ
രഞ്ജിപ്പിക്കുന്നതും കാണാകേണം (കൃഷ്ണാ)
കൂത്താടീടും പശുക്കുട്ടികളുമായി
ഒത്തുകളിപ്പതും കാണാകേണം (കൃഷ്ണാ)
കേകികളെപ്പോലെ നൃത്തമാടീടുന്ന
കേശവപൈതലെ കാണാകേണം (കൃഷ്ണാ)
കൈകളില്‍ചന്ദ്രനെ മെല്ലെവരുത്തിയ
ലോകൈക നാഥനെകാണാകേണം .(കൃഷ്ണാ)
കൊഞ്ചിക്കൊണ്ടോരോരോ വാക്കരുളീടുന്ന
ചഞ്ചലനേത്രനെ കാണാകേണം (കൃഷ്ണാ)
കോലും കുഴലുമെടുത്ത് വനത്തില്‍പ്പോയ്
കാലിമേയ്ക്കുന്നതും കാണാകേണം. (കൃഷ്ണാ)
കൗതുകമേറിയൊരുണ്ണി ശ്രീകൃഷ്ണന്റെ
ചേതോഹരരൂപം കാണാകേണം( കൃഷ്ണാ)
കംസസഹോദരി തന്നില്‍ പിറന്നോരു
വാസുദേവന്‍തന്നെ കാണാകേണം (കൃഷ്ണാ)
കണ്ണന്റെ ലീലകള്‍ ഓരോന്നും വെവ്വേറെ
എണ്ണിയെണ്ണിക്കണ്ണില്‍ കാണാകേണം (കൃഷ്ണാ)
കൃഷ്ണാ മുകില്‍ വര്‍ണ്ണാ വൃഷ്ണികുലേശ്വര
കൃഷ്ണാംബുജേക്ഷണാ കൈതൊഴുന്നേന്‍ (കൃഷ്ണാ)