കൃഷ്ണാ ഹരേ ജയ പോലുള്ള ശ്രീകൃഷ്ണ സ്തുതികൾ ഭക്തിസാന്ദ്രമായ പാട്ടുകളാണ്, കൃഷ്ണനോടുള്ള അഗാധമായ ഭക്തി പ്രകടിപ്പിക്കുന്നവ. ഇവ കേൾക്കുകയോ പാടുകയോ ചെയ്യുമ്പോൾ മനസിന് ആശ്വാസവും ആത്മീയ ശാന്തിയും നൽകുന്നു.

ശ്രീകൃഷ്ണ സ്തുതികൾ
കൃഷ്ണാ ഹരേ ജയ കൃഷ്ണാ ഹരേ ജയ
കൃഷ്ണാ ഹരേ ജയ കൃഷ്ണാ ഹരേ
കരിമുകിൽ വർണ്ണന്റെ തിരുവുടലെന്നുടെ
അരികിൽ വന്നെപ്പോഴും കാണാകേണം
കാലിൽ ചിലമ്പും കിലുക്കി നടക്കുന്ന
ബാലഗോപാലനെ കാണാകേണം
കിങ്ങിണിയും വളമോതിരവും ചാർത്തി
ഭംഗിയോടെ മുമ്പിൽ കാണാകേണം.
കീർത്തി ഏറിടും ഗുരുവായൂർ മേവുന്നോ-
രാർത്തിഹരൻ തന്നെ കാണാകേണം
കൂത്താടീടും പശുക്കുട്ടികളുമായിട്ടൊത്തു -
കളിപ്പതും കാണാകേണം.
കെട്ടിയിട്ടിടുമുരലും വലിച്ചങ്ങു
മുട്ടുകുത്തുന്നതും കാണാകേണം
കേകീകളെപ്പോലെ നൃത്തമാടീടുന്ന
ബാലഗോപാലനെ കാണാകേണം
കൈകളിൽ ചന്ദ്രനെ മെല്ലേ വരുത്തിയ
ലോകൈകനാഥനെ കാണാകേണം
കൊഞ്ചിക്കൊണ്ടോരോരോ വാക്കരുളീടുന്ന
ചഞ്ചലനേത്രനെ കാണാകേണം
കോലും കുഴലുമെടുത്തു വനത്തിൽ പോയ്
കാലിമേയ്ക്കുന്നതും കാണാകേണം
കൗതുകമേറിയോരുണ്ണി ശ്രീകൃഷ്ണന്റെ
ചേതോഹരരൂപം കാണാകേണം
കംസ സഹോദരിതന്നിൽ പിറന്നോരു
വാസുദേവൻ തന്നെ കാണാകേണം
കൃഷ്ണാ ഹരേ ജയ കൃഷ്ണാ ഹരേ ജയ
കൃഷ്ണാ ഹരേ ജയ കൃഷ്ണാ ഹരേ