ഈ സ്തുതികളിലൂടെ ഭഗവാൻ ശ്രീകൃഷ്ണന്റെ ദിവ്യലീലകളും അനന്തഗുണങ്ങളും സ്മരിക്കപ്പെടുന്നു.

ശ്രീകൃഷ്ണസ്തുതികൾ
കണ്ണാ കാർമുകിൽവർണ്ണാ കടൽവർണ്ണാ
കർണ്ണപീയൂഷസൽക്കഥാനാമങ്ങൾ
വർണ്ണിച്ചീടുവാൻതോന്നണമെപ്പോഴും
ഉണ്ണികൃഷ്ണാ മുകുന്ദാഹരേജയ!
കാത്തുകൊള്ളേണമെന്നെക്കൃപാനിധേ!
കാൽത്തളിരിണനിത്യം വണങ്ങുന്നേൻ
പൊൽത്തളിരടിമാനസേ ചേർക്കണം
ഭക്തവത്സലാ കൃഷ്ണാഹരേജയ!
കിങ്ങിണിയും തളവളമോതിരം
ഭംഗിയേറും തിരുമേനിശോഭയും
തൊങ്ങലും ചിലവാലിട്ടുടുത്തതും
മംഗലാക്രുതേ കൃഷ്ണാഹരേജയ!
കീർത്തിയേറുന്ന പാർത്ഥന്റെതേർത്തടേ
ആർത്തിതീർപ്പാനിരുന്നരുളീടുന്ന
ഉത്തമമായ ചമ്മട്ടിയുംധരി-
ച്ചുത്തമാകൃതേ കൃഷ്ണാഹരേജയ!
കുണ്ഡലംമകരമണിശോഭിത-
ശംഖദേഹമുഖ്യാദ്യവിലാസവും
കണ്ണെഴുത്തും കുറിയും ചമയവും
കണ്ണിൽക്കാണേണം കൃഷ്ണാഹരേജയ!
കൂട്ടരായുള്ളപിള്ളരും താനുമായ്
കാട്ടിൽ കാളിന്ദീതീരെക്കളിപ്പതും
ഒട്ടൊഴിയാതെ വീടുകളിൽപുക്കു
കട്ടൊളിപ്പതും കൃഷ്ണാഹരേജയ!
കെട്ടിനാളുരലോടു ചേർത്തിട്ടമ്മ
സ്പഷ്ടമാക്കുവാൻ മാമുനിവാക്കിനെ
പുഷ്ടമോദം ധനേശാത്മജന്മാർക്ക-
ങ്ങിഷ്ടമാം ഗതി നൽകിഹരേജയ!
കേശവ തവ പാദത്തോടേശുവാൻ
ആശപാരം നമുക്കു മനക്കാമ്പിൽ
ക്ലേശപാശത്തെഛേദിച്ചു ത്വൽഭക്തി
പാശംബന്ധിക്ക കൃഷ്ണാഹരേജയ!
കൈതോഴുന്നേനടിയൻതവപാദേ
ചെയ്തപാപങ്ങളൊക്കെക്കളഞ്ഞെന്നെ
വൈകാതേതവപാദത്തോടേശുവാൻ
കൈവരേണമേ കൃഷ്ണാഹരേജയ!
കൊണ്ടുപോകേണമെന്നെത്തവപാദേ
ഇണ്ടൽതീർത്തങ്ങനുഗ്രഹിച്ചീടണം
കണ്ടുകണ്ടു ഭഗവൽസ്വരൂപത്തെ
കൊണ്ടൽവർണ്ണ മുകുന്ദഹരേജയ!
കോലുംകൊമ്പുംകുഴലുംവിളിച്ചതും
ബാലഗോപാലവേഷംധരിച്ചതും
പാലും നെയ്യും തയിരും കവർന്നതും
ചാലേതോന്നണം കൃഷ്ണാഹരേജയ!
കൌതുകേന തിരുനാമവും ചൊല്ലി
ചേതസി തവരൂപവുംധ്യാനിച്ചു
പാതകങ്ങളകറ്റുമാറാകണം
മാതുലാന്തക കൃഷ്ണാഹരേജയ!
കംസാരേകരുണാമയവാരിധേ
സംസാരാർണ്ണവതീരം കടത്തുവാൻ
ആശുതൃക്കണ്‍പാർക്കേണമടിയനെ
കേശിസൂദന കൃഷ്ണാഹരേജയ!
കാലകാലനേ നാലുവേദങ്ങൾക്കും
മൂലമായുള്ള ത്വല്പാദപങ്കജം
മാലകുറ്റുവാൻ മാനസേ തോന്നണം
നീലലോചന കൃഷ്ണാഹരേജയ!
പാരിതിന്നുതൊടുകുറിയായൊരു
ചാരുവാം ഗുരുവായൂർപുരാധിപ!
തീരണം ദുരിതങ്ങളശേഷവും
ചേരണംപാദേ കൃഷ്ണാഹരേജയ!